Wednesday, July 19, 2017

രാമനാമം

സദാ രാമനാമം ജപിക്കാൻ മനസ്സിൻ
കവാടങ്ങളെല്ലാം മലർക്കെ തുറക്ക
ചിദാനന്ദസച്ചിത്സരിത്തിന്നൊഴുക്കിൽ
ഒലിച്ചങ്ങു പോട്ടെ ശരീരാഭിമാനം

അതേ രാമനാമം, വേടനെ പുറ്റിനുള്ളിൽ
മഹർഷീശ്വരന്മാർക്ക് തുല്യം വളർത്തി-
ച്ചിരഞ്ജീവിയാകുന്ന കാവ്യം പകർന്നീ
മനുഷ്യർക്കൊരാരാധ്യനാക്കുന്ന മന്ത്രം

അതേ രാമനാമം, മഹേശന്റെ ചുണ്ടിൽ
സദാനേരവും തത്തിടും ദിവ്യനാമം
മഹാതാണ്ഡവത്തിന്നു ശേഷം സമാധി-
പ്പൊരുളേറിടുമ്പോൾ മുഴങ്ങുന്ന മന്ത്രം

അതേ രാമനാമം, അഹല്യയ്ക്ക് മേൽ തൂ-
വമൃതം കണക്കെ പൊഴിഞ്ഞ കാരുണ്യം
വിരൽത്തുമ്പിനാൽ പാപജാലങ്ങൾ പൊട്ടി-
ച്ചെറിയുന്ന ദീനാനുകമ്പ തൻ മന്ത്രം

അതേ രാമനാമം, തിരുവയ്യാറിൻ തീരം
സദാ ഉഞ്ഛവൃത്തിയ്ക്ക് പാടും മധുരം
മഹാസച്ചരിതത്തിൻ മാനസം കണ്ടു
തുളസീദളം മുങ്ങി നീരുന്ന തീർത്ഥംഅതേ രാമനാമം, സദാ രാമകൃഷ്ണൻ
കനിവേറിടും പുഞ്ചിരിപ്പാൽ ചുരത്തി
ജടാധാരി തൻ രാമലാലയ്ക്ക് പിന്നിൽ
നടന്നും ചിരിച്ചും അരുളുന്ന മന്ത്രം

അതേ രാമനാമം, മനുഷ്യൻ തപസ്സാൽ
മഹാത്മാവതായ് മാറിടും ദിവ്യശബ്ദം
വെടിയുണ്ട നെഞ്ചിൽ തുള വീഴ്ത്തിടുമ്പോൾ
അമരത്വമേറാൻ തുണയാകും മന്ത്രം

അതേ രാമനാമം, ഭഗവാന്റെ ജന്മ-
സ്ഥലത്തിന്റെ കണ്ണീർ തുടയ്ക്കുന്ന ധർമം
ഇരച്ചേറി ദാസ്യപ്രതീകം തകർത്തീ
ജഗത്തിങ്കൽ ഘോഷിച്ചിടും ശക്തിബീജം

അതേ രാമനാമം, പിടഞ്ഞെന്റെ പ്രാണൻ
ശരീരത്തെ വിട്ടൂർദ്ധ്വലോകം ഗമിക്കേ
ചെവിയിൽ അമൃതം തുളിച്ചെന്നെ ദേവ-
പദാംഭോരുഹത്തിങ്കൽ ചേർക്കുന്ന മന്ത്രം

സദാ രാമനാമം ജപിക്കാൻ മനസ്സിൻ
കവാടങ്ങളെല്ലാം മലർക്കെ തുറക്ക
പിരിയാതെ ശ്രീരാമനാമങ്ങൾ ചുണ്ടിൽ
വിരിഞ്ഞീടുവാൻ രാമദേവൻ തുണയ്ക്ക

Wednesday, July 12, 2017

ന്യായാധിപർ....

ഇടറി വീണവൻ തന്നുടെ ചുറ്റിലും
ഇളകി നിൽപ്പുണ്ട് രോഷാകുലർ ചിലർ

വിരലു ചൂണ്ടിത്തെറി പറയുന്നവർ
കുശുകുശുത്തു സ്വകാര്യം ചൊല്ലുന്നവർ
പരിഹസിച്ചു ചൂളം കുത്തിയാർപ്പവർ
തൊലിയുരിക്കണമെന്നു വാദിപ്പവർ
നിണമൊലിക്കുന്ന വാളുകൾ മൂടി വെ-
ച്ചൊരു ചിരിയാൽ അധികാരമേറിയോർ
ഹൃദയതാളം നിലയ്ക്കും വരെ വെട്ടി-
ക്കുരുതി നൽകിയ വെള്ളരിപ്രാവുകൾ!!
പിറകിൽ നിന്നും ചതിച്ചു കുത്തുന്നവർ
പുതുമഴയിൽ തല പൊങ്ങിയുള്ളവർ
സഹതപിക്കാതെ ശാപവാക്കോതുവോർ
ശരിയുടെ സ്മാർത്തവൈചാരികർ ചിലർ

ഇടറി വീണവൻ തന്നുടെ ചുറ്റിലും
വിധിയുമായിതാ നിൽപ്പുണ്ട് ധാർമികർ!!
----------------------
അകലെ, നൂറപരാധം പൊറുത്തവൻ
പതിതപാവനൻ നിൽപ്പൂ കുഴലുമായ്
തരി വിഷാദം കലർന്ന മുഖത്തല്പം
കരുണയോടുപഗുപ്തനും നിൽപ്പതാ
തെരുവിലെ വേശ്യയെ കല്ലെറിയുവാൻ
മുതിരുവോരെ തടുത്തവൻ ഉണ്ടതാ

അലറിടും ജനക്കൂട്ടത്തിനോടവർ
അരുളിടുന്നൂ "പാപം പുരളാത്തവർ,
അവർ വരട്ടെയിക്കല്ലെറിഞ്ഞീടുവാൻ,
ഇവനു ദണ്ഡനം നേടിക്കൊടുക്കുവാൻ"
------------------------------------

ഒടുവിലത്തെയാ  അട്ടയെച്ചൊല്ലി ഹാ 
കടിപിടി കൂട്ടുന്നവർ പിന്നെയും

Sunday, July 9, 2017

ഗുരുപൗർണ്ണമി

അറിയാത്തെരുവോരത്തിൽ
കരയും പിഞ്ചു പൈതലിൻ
ഹൃദയത്തോടെ ഞാനെന്റെ
വീടു തേടിക്കുഴങ്ങവേ

പുറത്തേയ്ക്കൊരു കണ്ണീരിൻ
കണവും കാട്ടിടാതെ ഞാൻ
ഹൃദന്തരത്തിൽ നോവിന്റെ
കോപ്പ മോന്തിയിരിക്കവേ

വിദ്യുത് പ്രഭാ സമായുക്ത-
മാമീ യാന്ത്രിക ലോകമെൻ
ചിരസ്മരണകൾ പോലും
കവർന്നീടാൻ തുടങ്ങവേ

വെറുതേ വന്നു പോം മട്ടിൽ
എന്തിനെന്നറിയാതെ ഞാൻ
ലോകത്തിൽ വന്നു പോകുന്നെ-
ന്നുള്ളിൽ ചോദ്യം മുഴങ്ങവേ

നിഴൽ പോലിളകീടുന്ന
ലോകത്തിന്നൊപ്പം എന്തിനെ-
ന്നറിയില്ലെങ്കിലും പക്ഷെ
തുടരുന്നെന്റെയാട്ടവും

കടിഞ്ഞാൺ തെറ്റിയോടുന്ന
രഥത്തിൽ നിന്നുറക്കവേ
അലറുന്ന മദാത്മാവിൻ
രോദനം ആരു കേട്ടുവോ?

"ആരു ഞാൻ" എന്ന ചോദ്യത്തിൻ
പ്രതിധ്വനികൾ ഹൃത്തിലെ
കൽഭിത്തിയിൽ വന്നിടിച്ചു
തകർന്നേ പോകയാണിതാ

വെളിയിൽ സ്പഷ്ടമെന്നാലും
ഹൃദയം സംശയാകുലം
രക്ഷ തേടിയിരക്കുന്നൂ
പതിതം പാപസങ്കുലം

ഒരു നൂറ്റാണ്ടു കാലത്തെ-
യിരുട്ടിന്നിസ്തമിക്കുവാൻ
പോകയാണെന്നു ചൊല്ലുന്നു
ചിദാകാശമണിപ്രഭ

ഒരു പാൽക്കടൽ പോലെന്നെ
മൂടുന്നൂ ചാന്ദ്രമാനസം
ശീതളം, ചേർത്തു പുൽകുന്നൂ
സുകൃതം പൂർവ്വസഞ്ചിതം

തെളിഞ്ഞ പൗർണമിച്ചന്തം
നിറയും വാനിലാകവേ
പൊലിഞ്ഞു പാടും ഗാനത്തിൻ
അനുപല്ലവി കേട്ടു ഞാൻ

വിസ്മയം! പാപജാലത്തിൻ
കെട്ടുകൾ പൊട്ടിടുന്നിതാ
അഴലിൻ ചിന്തയെല്ലാമേ
എങ്ങോ പോയി മറഞ്ഞിതാ

സൃഷ്ടിസ്ഥിതിവിനാശങ്ങൾ-
ക്കപ്പുറം കളിയാടിടും
ഗുരുബോധമഹാശക്തി-
യുണരും നേരമായിതാ

അറിവിൻ പൊൻവെളിച്ചത്തിൻ
മുന്നിൽ മുട്ടു മടക്കവേ
സംശയത്തിരകൾ പയ്യെ
കെട്ടടങ്ങുന്നു ശാന്തരായ്

കരിനീല നിറം കണ്ണിൽ
അഞ്ജനം എഴുതിക്കവേ
തുറക്കുന്നന്തരാത്മാവിൽ
തങ്കത്തിൻ ശ്രീലകപ്രഭ

വെയിലിൻ പീതവാത്സല്യം
തഴുകിക്കൺ തുറപ്പിക്കേ
മയിലിൻ പീലി ചൂടുന്ന
കൃപാപൂരം ചിരിച്ചുവോ

കുരിശിന്നരികത്താരോ
കളഞ്ഞിട്ട കിരീടത്തിൻ
മുകളിൽ ദിവ്യകാരുണ്യം
ചെഞ്ചോര നിറമാർന്നുവോ

വിശ്വമാകും കിളിക്കൂടിൻ
മുകളിൽ മാതൃസാന്ത്വനം
അരുളുംമാറു പാറുന്നൂ
ഭഗവധ്വജമൊന്നിതാ

പടി കേറിത്തളർന്നുള്ളിൽ
പതിനെട്ടിനുമപ്പുറം
"അതു നീ തന്നെ" എന്നാരോ
ആർദ്രമായ് മൊഴിയുന്നിതാ

കാർത്തികജ്യോതിയുണരും
അരുണാചലമേറവേ
മൗനമായ് സംവദിക്കുന്നു
അരുളാൽ രണ്ടു കണ്ണുകൾ

മുങ്ങിത്താഴും ജഗത്തിൽ നി-
ന്നെന്നെ രക്ഷിച്ചെടുക്കുവാൻ
മഹാദ്വീപമൊരുക്കുന്നൂ
ദക്ഷിണേശ്വര സൈകതം

Thursday, June 29, 2017

ഇതെന്റെ ഇതെന്റെ

ഇതെന്റെ ഇതെന്റെ
കളിപ്പാട്ടമെന്റെ
ഇതെന്റെ ഇതെന്റെ
ഈ പാൽക്കുപ്പിയെന്റെ
ഇതെന്റെ ചിരിക്കുന്ന
പാവ,  ഇതെന്റെ
താക്കോൽ കൊടുക്കുമ്പോൾ
ഓടുന്ന നായ

ഇതെന്റെ സുഹൃത്തുക്കൾ,
എന്നമ്മ,വീട്,
ഇതെൻ സ്കൂൾ, ഇതെൻ മാവ്,
മഞ്ചാടി മുത്ത്,
ഇതെൻ പുസ്തകം, എന്റെ ഫോ-
ണെന്റെ വസ്ത്രം
ഇതെൻ ബാഗ്, പേന
കുട, ഷൂസ്, കൈലേസ്

ഇതായെന്റെ കാറ്,
വിജയകിരീടം,
ഇതാ ബുദ്ധിമുട്ടി
ലഭിച്ച ബിരുദം,
ഇതായെന്റെ ഗംഭീര ജോലി,
പ്രതാപം
ഇതാ സ്വർഗസൗന്ദര്യ-
മോലുന്ന ഭാര്യ
ഇതായെന്റെ പുത്രൻ,
പണിക്കാർ, വയസ്യർ
ഇതായെന്റെ പാട്ട്,
കവിത, എഴുത്ത്

ഇതെന്റെ ഇതെന്റെ
നിലക്കാത്ത സ്വാർത്ഥ-
ക്കൊടുംകാടിനുള്ളിൽ
അലർച്ച ഇതെന്റെ
ഇതെന്റെ ഇതെന്റെ
ചിതയ്‌ക്കൊപ്പം ഭസ്മീ-
കരിയ്ക്കപ്പെടും അഭി-
മാനങ്ങൾ എന്റെ

ചിരിക്കുന്ന സൂര്യൻ
തിരക്കുന്നു "സത്യം
ഇതെല്ലാം ഭവാന്റെ,
ഭവാൻ ആരുടേതാ?"
അതിനുത്തരം തേടി
ഉള്ളം കുഴങ്ങേ
തലതാഴ്ത്തിടുന്നു
ഞാനെന്ന ഭാവം

എനിക്കുള്ളതെല്ലാം
വെറും തുച്ഛമീ ഞാൻ
എടുക്കാച്ചരക്കായി
മാറുന്നുവെങ്കിൽ
മറുവാക്കു തേടി
അലഞ്ഞീടവെ ഞാൻ
അറിയുന്നനാഥത്വ-
മീ ജീവിതത്തിൽ

കലങ്ങിത്തെളിയുന്ന
ഹൃന്മണ്ഡലത്തിൽ
ഒരു പൊൻ വെളിച്ചം,
തിളങ്ങുന്ന കൺകൾ,
മെലിഞ്ഞോരു ദേഹം,
ശുഭം ശുഭ്രവസ്ത്രം,
സുധാനന്ദഹാസം,
സുഖാസീനരൂപം

പ്രപഞ്ചങ്ങൾ സൃഷ്ടിച്ചു
പാലിച്ചു പോരും
ചിദാനന്ദ സച്ചിത്
സരിത്താകുമീശൻ
ഇരിക്കുന്നു ചിത്തത്തിൽ
കാലുഷ്യമെല്ലാം
അകറ്റുന്ന ശ്രീ
രാമകൃഷ്ണൻ ഗദായി

പതുക്കെ ചിരിക്കുന്ന
മട്ടിൽ മൊഴിഞ്ഞു
"മറന്നീടുമോ നിന്നെ
ഞാനെന്നുമെന്നും
ഉറപ്പിച്ചു കൊൾക
നിനക്കുണ്ടൊരീശൻ
അതേ എന്റെയാകുന്നു
നീ, എന്റെ മാത്രം"

ഇതായീ ഹൃദയം
ഇതായെൻ ശരീരം
ഇതാ ജീവിതം, ദ്വന്ദ-
ഭാവങ്ങളെല്ലാം
ഇതാ പഞ്ചഭൂതങ്ങൾ
ശ്വാസം, കിനാക്കൾ
മനോബുദ്ധ്യഹങ്കാര
ചിത്തങ്ങൾ, ജ്ഞാനം

ഇതാ സത്യധർമ്മങ്ങൾ
പുണ്യങ്ങൾ,പാപം
ഇതാ പൂർണ്ണമാകാത്തൊ-
രെന്റെ മുമുക്ഷ
ഇതാ വാക്ക്, ഗാനം
ഇതെല്ലാം ഭവാന്റെ
വെറും പൈതലാമീ-
യടിയൻ ഭവാന്റെ

Sunday, June 25, 2017

വാക്ക്

എത്തിടാറുണ്ട് വാക്കുകൾ കൃത്യമായ്
എപ്പൊഴൊക്കെയെനിക്കു വേണ്ടുന്നുവോ
വിത്തുകൾ മുളപൊട്ടും മനസ്സിലെ
ചിത്രവർണ്ണ ജനാലയ്ക്കൽ സസ്മിതം

കത്തിടുന്ന ചിരന്തനദാഹവു-
മൊത്തു വന്നു പിറന്ന നിമിഷത്തിൽ
അമ്മയെ വിളിച്ചീടുവാൻ ആദ്യമായ്
അർത്ഥമില്ലാത്ത വാക്കു കരച്ചിലായ്
ചുണ്ടിലൂറിയ നാളു തൊട്ടിന്നോളം
ഒപ്പമുണ്ടു നീയെൻ കളിത്തോഴനായ്

മുട്ടുകുത്തിയിഴഞ്ഞ കാലങ്ങളിൽ
അമ്മ ചൊല്ലിത്തരുന്ന കഥകളിൽ
നിന്നു കേട്ടു പഠിച്ചൊരു വിസ്മയ-
പ്പൊൻ കിനാവിലും കണ്ടിരുന്നില്ലയോ
പിന്നെ നാമാക്ഷരങ്ങളായ്, രാത്രി ദു-
സ്സ്വപ്നമൊക്കെയും ആട്ടിയകറ്റുവാൻ
തട്ടിയെന്നെയുറക്കിയ നിന്റെ കൈ-
യ്യിപ്പൊഴും അറിയുന്നെന്റെ മേനിയിൽ

കണ്ണിൽ വർണ്ണപതംഗങ്ങൾ പാറിയ
സുന്ദര മധുരാർദ്രമാം യൗവനം
എന്നിലന്നു നിറച്ച പ്രണയമെൻ
ചുണ്ടിലായിരം ചുംബനമേകവേ
അന്നു കുത്തിക്കുറിക്കുവാൻ പേന തൻ
തുമ്പിലൂറി നീ പ്രേമാർദ്ര കാവ്യമായ്

എത്തിടാറുണ്ട് വാക്കുകൾ കൃത്യമായ്
എപ്പൊഴൊക്കെയെനിക്കു വേണ്ടുന്നുവോ
കാർത്തിക ദീപമായി തുണച്ചിരുൾ
മാറ്റിയെന്നിൽ പ്രകാശം നിറയ്ക്കുവാൻ

സ്വന്തമാണെന്ന് ചിന്തിച്ചവർ, കൈകൾ
വീശിയെങ്ങോ മറഞ്ഞു പോയീടവേ
ചിന്തകൾ കടന്നൽ പോലെ മൂളിയെൻ
വന്യതയെ പിടിച്ചെണീപ്പിക്കവേ
കൊന്ന പൂത്തതും, ചിങ്ങം പിറന്നതും
എന്തിനെന്നറിയാതെ ഞാൻ കേഴവേ
വന്നിരുന്നു നീ ചുണ്ടിൽ നിരാശയിൽ
നിന്നു പൊങ്ങുന്നൊരശ്ലീല വാക്കുമായ്

പിന്നെ ജീവിതാസക്തി തളിർപ്പിച്ചു
എന്നിൽ സത്യസ്മരണ പുതുക്കുവാൻ
വന്നു നിസ്സഹായത്വങ്ങൾ ചൂഴുമെൻ
ചേതനയെ അടിച്ചുണർത്തീടുവാൻ
ദ്വന്ദ്വബോധത്തിനപ്പുറം നേർത്തൊരു
വേണുവൂതിച്ചിരിച്ചു കൊണ്ടങ്ങിനെ
നീലമേഘ നിറമാർന്ന വാനിൽ നി-
ന്നൂർന്നിറങ്ങിയ ഗീതാപ്രവാഹമായ്
വാക്കുകളെത്തി ചീർത്തൊരെൻ ദേഹാഭി-
മാനമൊക്കെ പറത്തിക്കളയുവാൻ

മന്ത്രമായി, കിനാവായി, കുഞ്ഞിളം
കൊഞ്ചലിൻ ചന്തമായി, വികാരമായ്,
നെഞ്ചിൽ വിങ്ങും വ്യഥകൾക്കൊരുത്തരം
തന്നു പോകുന്ന കാറ്റിന്റെ ഗീതമായ്
സന്ധ്യ മായുന്ന നേരം അടുത്തു ചേർ-
ത്തെന്നെ പാടിയുറക്കുന്നു വാക്കുകൾ
നന്ദിയോതാതെ പൊയ്‌പ്പോയ കാലങ്ങൾ
പിന്നെയും നിരത്തീടുന്നു വാക്കുകൾ
ഉള്ളിനുള്ളിൽ പടവെട്ടി ആയിരം
യുദ്ധരംഗങ്ങൾ തീർക്കുന്നു വാക്കുകൾ
നിഷ്‌ഫലമെന്നിരിക്കിലും സൗഹൃദം
ചേർത്തു സ്നേഹം കൊരുക്കുന്നു വാക്കുകൾ

എത്തിടാറുണ്ട് വാക്കുകൾ കൃത്യമായ്
എപ്പൊഴൊക്കെയെനിക്കു വേണ്ടുന്നുവോ
നിത്യമുഗ്ദ്ധതയെന്നിൽ നിറയ്ക്കുന്ന
വിസ്മയത്തിൻ ചിറകുമായ് എപ്പോഴും

ആരവങ്ങളൊഴിഞ്ഞു ഞാൻ കെട്ടിയ
വേഷമെല്ലാമഴിക്കാൻ തുടങ്ങവേ
ആർത്തലച്ചു പോയുള്ള കാലത്തിന്റെ
നീർച്ചുഴിയിൽ ഞാനില്ലാതെയാകവേ
മൃത്യവെന്നുള്ള രണ്ടക്ഷരങ്ങളാൽ
ഹൃത്തിനുള്ളിലെ സത്തുപേക്ഷിക്കവേ
പൊട്ടിടുന്ന മൺപാത്രത്തിനൊക്കെയെൻ
നേർത്ത ജീവൻ പടം പൊഴിച്ചീടവേ
ഭാവിയെന്നെയൊന്നോർക്കുവാൻ തക്കതാം
കാവ്യമായി ഞാൻ രൂപാന്തരപ്പെടേ
അപ്പൊഴെത്തണേ താരകബ്രഹ്മമായ്
കാതിനുള്ളിൽ പീയൂഷം പൊഴിക്കുവാൻ
മർത്യലോകത്തിനപ്പുറം കാക്കുന്ന
വേദമന്ത്രധ്വനിയായ് വരേണമേ
നാവു പൊങ്ങുവാൻ ശേഷിയുണ്ടെങ്കിലാ
രാമകൃഷ്ണന്റെ പേരായ് വരേണമേ