Sunday, November 14, 2010

യാത്രക്കിടയില്‍ ഒരു കവിത.......

വിടയോതുമേതോ തണുത്ത കാറ്റില്‍ നേര്‍ത്ത


മഴവില്ലു വീണു തകര്‍ന്നു പോകെ

കിതകൊള്ളും ഉച്ചക്കൊടും വെയിലില്‍ പൂത്ത

കനവുകളെല്ലാം കരിഞ്ഞു പോകെ



നിറമിഴിയൊപ്പുവാന്‍ നീണ്ട വിരല്‍കളാല്‍

മുടി തഴുകീടുവാന്‍ ആരുമില്ല

വെറുതെയെന്‍ വീണ തന്‍ കമ്പി മുറുക്കിയി

ന്നൊരു പാട്ട് പാടുവാന്‍ ആരുമില്ല



തനിയെയാണെന്നും പിറന്ന നാള്‍ തൊട്ടിന്നു

വരെയതൊന്നല്ലേ സ്ഥിരമായുള്ളൂ

ഒരു വേള വന്നിരിക്കാം ചിലര്‍ അല്പമാം

സമയത്തിലെന്നെ തുണച്ചിരിക്കാം



ഹൃദയം കവിഞ്ഞൊഴുകീടുന്ന സ്നേഹവും

കവിതയും കാണുവാന്‍ ആരുമില്ല

ഇടനെഞ്ചു പൊട്ടി ഞാന്‍ പാടുന്ന പാട്ടിനു

ശ്രുതി പകര്‍ന്നീടുവാന്‍ പോലുമില്ല



വെറുതെയീ ജീവിത പൊന്‍ വിപഞ്ചി മീട്ടി

അറിയാത്ത നാടില്‍ അലഞ്ഞീടവേ

ഒരു നറു പുഞ്ചിരി തൂകുവാനാളില്ല

എരിതീ കെടുത്തുവാന്‍ കാണുകില്ല



ദുരിതമാം ഈ ജന്മനിനിയുമേതേതൊരു

വിരിയാ വസന്തങ്ങള്‍ കാണേണമോ

ഒരു നല്ല നാളെ പുലരുവാന്‍ ഇന്നിയും

ഇരുള്‍ താണ്ടി എത്ര നാള്‍ പോകേണമോ??

No comments:

Post a Comment