Saturday, November 17, 2012

അശാന്തം......

എന്തിനാണെന്നറിയില്ല, ഞാന്‍, തകര്‍ന്ന വിപഞ്ചി  തന്‍
തന്ത്രി മീട്ടി നോക്കിടുന്നു രാവുകള്‍ തോറും 
എന്തിനെന്നറിഞ്ഞു കൂടാ നീ പുതക്കും ഓര്‍മ്മകള്‍ തന്‍
സന്ധ്യ തോറും കാത്തു നില്‍പ്പൂ കാതരനായി
നഷ്ടമായ പ്രണയത്തിന്‍ ശൂന്യവേദി തേടിയെന്നും 
കഷ്ടമെന്തേ അലയുന്നു ചേതനയെന്നും

ദുഷ്ടമാമെന്‍ ജീവിതത്തില്‍ വന്ന വിണ്ണിന്‍ പൊന്‍പ്രഭ പോല്‍
സ്പഷ്ടമെന്നും കണ്ടിരുന്നൂ നിന്നെയെങ്കിലും
അര്‍ത്ഥശൂന്യമേതു രാവിന്‍ വ്യര്‍ത്ഥ ഭാഷണം ശ്രവിച്ചീ
സ്വാര്‍ത്ഥ മോഹക്കോളു തേടി തുനിഞ്ഞിറങ്ങി.
ധൂര്‍ത്തനാമെന്‍ മേല്‍ നീ തളിക്കും കാര്‍ത്തിക വിളക്കൊളിയും
ആര്‍ത്തിയില്‍ മതി മറന്നു കുടഞ്ഞെറിഞ്ഞും
കൂട് വിട്ടു കൂട് മാറി തെരുവോരങ്ങളിലെന്തേ
ആടലോടെ  അലയുന്നെന്‍ മാനസം വീണ്ടും

മിന്നിടുന്ന ചില്ലുകഷ്ണം ലഭിക്കാനായ് മടിയിലെ 
ചോന്ന മാണിക്യം കളഞ്ഞ മഠയനായി
തിരികെ പോരുവാന്‍ വഴി മറന്നൊരു ശിശുവിന്‍റെ
കരിനീല മിഴിയിലെ കണ്ണുനീരായി
തോള്‍ പിടിച്ചു കരയുന്ന പകലിന്‍റെ കൈ വിടീച്ചു
രാവിലേക്ക് ചാഞ്ഞിടുന്ന സന്ധ്യയെപ്പോലെ
നഷ്ടമേതോ സുഗന്ധം പോല്‍, നിഷ്ഫലമാം ആശകള്‍ പോല്‍
അഷ്ടദിക്കും കൈയൊഴിഞ്ഞോരനാഥനായി 

മാറിടുന്നോ ഞാന്‍,തിരികെ ജീവിതം ലഭിച്ചിടാത്ത
നാറിടുന്നോരഴുക്കിന്‍റെ പാഴ്നിലമായി?
ഊറിടുന്ന കവിതയും വരളുന്ന കൊടുംവേനല്‍
കീറിടുന്ന ഭൂമിയുടെ ഗദ്ഗദമായി??
കര താണ്ടി കടല്‍ താണ്ടി അലയുന്ന കാറ്റിന്‍ മാറില്‍
നുരയുന്ന കദനത്തിന്‍ വിലാപമായി???

No comments:

Post a Comment