Tuesday, February 12, 2013

പടിയിറക്കം....


വെറും കയ്യോടെ ഞാനെന്‍റെ
പടി വിട്ടിങ്ങിറങ്ങവേ
ചിറി നക്കിത്തുടക്കുന്നു
ഘോര ദുര്‍മ്മദശാസനം

ആരൂഢം ശരിയായീലാ
കവടിക്കാരനപ്പൊഴും
ശകുനങ്ങള്‍ മുടക്കുന്നൂ
ഭാവി തന്നുടെ കാഴ്ചകള്‍

"ഇറങ്ങാമിനി നില്‍ക്കേണ്ട"
എന്ന് കേട്ടു നടുങ്ങി ഞാന്‍
വഴിയേതെന്നു ശങ്കിച്ചു
പുറത്തേക്ക് കടക്കവേ

അകത്തു നിന്നു കേള്‍ക്കുന്ന
അടക്കങ്ങളിലൊക്കെയും
ചിരിയോ, ഉള്ളു പൊള്ളിക്കും
ശകാര വചനങ്ങളോ

കൂട്ടം ചേര്‍ന്നു ചിരിക്കുന്നൂ
പെണ്ണുങ്ങള്‍, സുകൃതക്ഷയം
കണ്ടു കണ്‍പൊത്തി നില്‍ക്കുന്നു
മണ്മറഞ്ഞ പിതാമഹര്‍

അച്ഛന്‍ നട്ട പിലാവിന്‍റെ
ചോട്ടിലെല്ലുകള്‍ തേങ്ങിയോ
ഗോപികപ്പൈക്കിടാവെന്തേ
ദീനമായെന്നെ നോക്കിയോ 

അകത്തളത്തില്‍ കണ്ണീരാല്‍
വേവുന്നൂ അമ്മ, എങ്കിലും
തിരികെ വന്നിടാതുണ്ണി
പോകുന്നൂ വിട നല്‍കുക

"കുടുംബം നിലനില്‍ക്കേണം,
നിന്‍റെയോഹരി തന്നിടാം
നിന്നെ വെച്ചു പൊറുപ്പിക്കാന്‍
ഇനിയാര്‍ക്കും വയ്യ, കേട്ടുവോ?

നിന്‍റെ ജാതകദോഷത്താല്‍
വന്നതൊക്കെ മറന്നിടാന്‍
നിന്‍റെ  വാശികളാല്‍ നഷ്ട-
മായ പേരു ലഭിച്ചിടാന്‍

ഒരു മാര്‍ഗമിതേയുള്ളൂ
നീ മാറിത്താമസിക്കുക"
കൂടപ്പിറപ്പുകള്‍ ചൊല്ലി
ഭാര്യമാര്‍ പല്ലിറുമ്മവേ

ശരിയെന്നോതിടാനല്ലാ-
തൊന്നിനും കഴിയാത്ത ഞാന്‍
ഇറങ്ങുന്നീ പകല്‍ പോലെ
രാത്രിക്ക് വഴിയേകുവാന്‍

കൈ പിടിച്ചു നടന്നോരേ
പോകുന്നൂ ഞാന്‍, മറക്കുക!
തോളിലേറിക്കളിച്ചോരേ
വിട ചോദിപ്പു, ഏകുക!

ഏകാന്തതാരകേ എന്നില്‍
നിന്‍റെ പൊന്നൊളി തൂവുക
അനാഥലോകമേ, നിങ്ങള്‍
ഇവനെക്കൂടി ഏല്‍ക്കുക............

4 comments:

  1. നന്ദി.... വായനക്കും പ്രോത്സാഹനത്തിനും

    ReplyDelete
  2. ഏകാന്തതാരകേ എന്നില്‍
    നിന്‍റെ പൊന്നൊളി തൂവുക
    അനാഥലോകമേ, നിങ്ങള്‍
    ഇവനെക്കൂടി ഏല്‍ക്കുക....

    ReplyDelete